2009, നവംബർ 24, ചൊവ്വാഴ്ച

അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്

ഒരു വസ്തുതയെ ഗ്രഹിക്കുന്നത് അതിന്റെ പരിപൂർണ്ണമായ നിശ്ചലതയിൽ നിന്നാണ്. ആ നിശ്ചലതയാവട്ടെ തീർത്തും അയഥാർത്ഥവും. കാരണവരുടെ സ്ഥിരം വാക്യങ്ങളായി മാത്രമേ ഞങ്ങളിതിനെ ശ്രവിച്ചതെങ്കിലും ഉദാഹരണസഹിതം കാരണവർ വിശദ്ദീകരിച്ചപ്പോൾ ഏതാണ്ട് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. ഉദാഹരണത്തിന് പി.ടി.ഉഷ ഓടുന്ന ഒരു ചിത്രം “അവർ ഓട്ടത്തിനിടയ്ക്ക് ഒരിക്കലും നിശ്ചലമായി നിന്നിട്ടില്ല. പൂർണ്ണമായി ചലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ ഒരു സ്ഥലത്ത് ബ്രേക്ക് ചെയ്താൽ മാത്രമേ ഒരു ഫോട്ടോ എടുക്കാനവൂ. അല്ലെങ്കിൽ ഗ്രഹിക്കാനാവൂ. അല്ലെങ്കിൽ ഒഴുന്ന വൈദ്യുതിയിൽ തൊട്ടതു പോലെ ഷോക്കടിക്കും . ഇത്തരത്തിൽ അറിഞ്ഞതിന്റെ തുടർച്ചയെയാണ് നമ്മൾ മുന്നോട്ട് കൊണ്ട് പോവേണ്ടതെന്നും അതാണ് നമ്മെ വൈദ്യുതി പോലെ സമൂഹത്തിനു ഉപകാരപ്രദക്കുകയെന്നും കാരണവർ പറഞ്ഞവസാനിപ്പിച്ചത്, എഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ്. എഴുത്തുകാരന്റെ അവസാനമിറങ്ങിയ നോവൽ പ്രശസ്ത നോവലിസ്റ്റും ഇരിങ്ങാലക്കുടക്കാരനുമായ പി.സച്ചിദാനന്ദനു നന്നായി ഇഷ്ടപ്പെട്ടുവെന്ന് തൃശൂരുള്ള പ്രസാധകനെ അറിയിച്ചതായ എഴുത്തുകാരന്റെ സന്തോഷം ഞങ്ങളോടും പങ്കിട്ടു. തിരിച്ചിറങ്ങുമ്പോഴാണ് കഴിഞ്ഞ ബ്ലോഗ്ഗ് മീറ്റിങ്ങിനു ബൂലോകത്തേക്കു കയറ്റി വിട്ട മിസ്റ്റർ ഉമ്മിണിപ്പിള്ളയെ കണ്ടത്. അതെ നിങ്ങൾ കരുതുന്ന ആ ഉമ്മിണി തന്നെ “ധർമ്മരാജ”യിലെ കഥാപാത്രം. ഒരു ഐ.ഡിയുണ്ടാക്കി കാത്തിരിക്കുകയായിരുന്നു, അറിവുള്ളവൻ പറയാൻ ഭയക്കുന്നതുപോലെ കമന്റിടാൻ ധൈര്യമില്ലാത്തതിനാൽ ഇപ്പോഴും ഒരു പാവം ബ്ലോഗുവായനക്കാരനായി മാത്രം തുടരുന്നു. ആംബുലൻസിൽ വെച്ച് ഉമ്മിണിപ്പിള്ള ബൂലോകത്തെ തനിക്കു താല്പര്യമുള്ള വിഷയമായ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്, പുലാവും,കവി(മൌനി)യും ചേർന്നു അതു പോലെ തന്നെ മനസ്സിൽ കുറിച്ചെടുത്ത് കട്ടെഴുതിയ ചിന്തകളുടെ ഡ്രാഫ്റ്റിൽ കുറിച്ചിട്ടു.

അതിങ്ങനെയായിരുന്നു...

തന്തമാരും പിള്ളേരുകളും
"എന്തെരെങ്കിലും നാലച്ചരം എഴുതാമെന്ന് നിരൂവിച്ചാൽ അപ്പം എറങ്ങിക്കൊള്ളും ചിലരു മനുഷ്യന്റെ തലകടിക്കാൻ. പിണറായീടെമോൻ (ഒരു പ്രയോഗമായി തെറ്റിദ്ധരിച്ചാലും കഴപ്പില്ല) അമേരിക്കയിൽ പഠിക്കാൻ പോയ അന്ന് തൊടങ്ങിയതാണ് പുകിലുകള്.. കലിപ്പ്കൾ തീരണില്ല. ബ്ലോഗിൽ കാംഗ്രസ്സു കണ്ടുപിടിച്ച ചില അളിഞ്ഞവന്മാരുണ്ട് . സിമി, അഞ്ചരയോ ആറരയോ കണ്ടികൾ ,കുപ്ത മൌര്യൻ തുടങ്ങി കുറേപ്പേരുണ്ട്. ഇവർ സ്വതന്ത്ര രാജ്യത്തെ മാന്യമാരാണെന്നാണ് വയ്പ്പ് .വികസനം എങ്ങനെയെന്ന് ചോദിച്ചാല്‍ സ്മാർട്ട് സിറ്റി മോഡൽ എന്ന് പറയും. കമ്മിണിസ്റ്റാള്ടെ കൊഴപ്പം അവരു വളരെ പെറകേ പോണവരാണ് വേഗതപോരാ എന്നോക്കെയാണ് വിചാരങ്ങള്.. അപ്പോ നന്ദിഗ്രാമിൽ വന്ന വേഗതകൂടിയ വികസനമോ? അയ്യേ അത് തെറ്റ് മമതയും നക്സലുമാണ് അവിടെ ശരി. അതേ സാധനം ഗുജറാത്തിൽ വന്നാലോ അതാണ് വികസനം ! അതിലെന്താ സംശയം? ആണവോർജ്ജം കണ്ടുപിടിച്ചതാര് എന്ന് ദുബൈയിൽ ഒരു സ്കൂളിൽ ചോദ്യം വന്നപ്പോൾ സിമി നസ്രേത്ത് എന്നാണ് കുട്ടികളെഴുതിയത്.. അതാണിതിന്റെ ഒരിത് അല്ലങ്കിൽ ആധികാരികത. സാഹിത്യം പറഞ്ഞു തൊടങ്ങീയാൽ എന്തൊരു സ്വാതന്ത്ര്യബോധമാണ് . ഫൂക്കോ ,ലക്കാൻ എന്നിങ്ങനെ അമൂർത്ത ബിംബ സമൃദ്ധിയിൽ ഒരു കിഴക്കോട്ടിറക്കമുണ്ട്. എന്തരോ ഏതോ ..? നിങ്ങൾക്കറിയാമോ ഇതേ ജാതി ആളുകളുടെ മച്ചിമ്പിമാരാണ് മറ്റേ പകുതിയിൽ നിൽക്കുന്നത് പി എം മനോജ്, കിരൺ തോമാ( ആട്), മാരീചൻ പിന്നെയുമുണ്ട് പേരു പറയാൻ കൊള്ളാത്ത കൊറേയെണ്ണം . അവന്മാരെ പണിയെന്താന്നറിയാമോ ? പിണറായിക്ക് കീ ജയ് വിളിച്ച് സാർവ്വരാജ്യ കമ്മ്യൂണിസ്റ്റ്കൾക്കും തെറി വാങ്ങി കൊടുക്കുകയാണ്.ഇന്നാളു ഒരു ഒന്നര പോസ്റ്റ് കണ്ടു. പിണറായി പുത്രനെ ന്യായീകരിച്ച്. അമ്മച്ചി കരഞ്ഞതുകൊണ്ടാണ് പിണറായി അണ്ണൻ മോനെ അമേരിക്കയിൽ വിട്ടതെന്നണ് ലങ്ങേരുടെ വാതം. ജയിച്ചു വരമ്പഴും ഈ അമ്മച്ചിമാർ കരയും മോനെ ചെത്ത് തൊഴിലാ‍ളി ക്ഷേമനിധി ബോർഡിന്റെ ചെയർമാനാക്കാൻ ചെയ്തല്ലേപറ്റൂ. അങ്ങനെ ഒരു തള്ള വിളിയോട് വിളി വിളിച്ചപ്പഴാണ് ഗൾഫിലെ ഒരു വലിയ മുതലാളി ഒരു മന്ത്രിമോനെ വൈസ്പ്രസിഡന്റ് ആക്കിയത്. പകരം അയാൾക്ക് പാരത രത്നമോ കേരളാ വൈഡൂര്യമോ കൊടുത്തു. എന്തൊരു തൊന്തരവാണ് ഈ നേതാവുപണിയെന്ന് കണ്ടോ? പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഏത് കടയടുപ്പിൽ പോയി പഠിച്ചാലും നമക്ക് ഒരു ചേതവുമില്ല. പക്ഷേ ഇത് ഇന്നാരെ മോനാണെന്ന് പറയുമ്പോൾ നമ്മൾ നോക്കൂലെ തന്തയുടെ ഏത് ഗുണം മോനുണ്ടെന്ന് . അച്ചന്റെ മൂക്ക്, അതേകണ്ണ്, അതേ നടത്തം ഇങ്ങനെ. ഞാൻ ചോദിക്കട്ടെ അപ്പീ.. കോടിയേരിയുടെ മോനു അച്ഛന്റേന്ന് കിട്ടിയത് ഏത് ഗുണമാണ്. പിണറായീടെ മകൻ അമേരിക്കയിലേ പഠിക്കു എന്ന് വാശിപിടിച്ചാൽ എന്താ ചെയ്യുക? .അയച്ചല്ലേ പറ്റൂ. പക്ഷേ ഇന്ന് പിണറായിൽ കാണുന്ന സാമൂഹ്യ ബോധവും സ്വഭാവവും അദ്ദേഹത്തിന്റെ അച്ഛന്റെ കൈയ്യിൽ നിന്നു പകർന്നതാണെന്നു അദ്ദേഹം കരുതുന്നുണ്ടോ. അതോ അത്തരത്തിൽ തന്തയിൽ നിന്നു ഒന്നും പകരൂലെന്നാണോ? എനിക്കറിഞ്ഞൂടാ... തന്തയില്ലാത്ത കാലത്തേയ്ക്കാണോ നമ്മളെ പോക്ക്. പപ്പനാഭാ.. നെഞ്ചക്ക് പൊറുക്കതില്ലേയ്. ..

രാത്രി പത്രത്തിലെഴുതുന്നത് പിറ്റന്ന് രാവിലെ ബ്ലോഗിലിടുന്ന ചില പത്രക്കാരുണ്ട്. ദാ‍രിദ്ര്യ വിലാസം ചായക്കടയിൽ തലേദിവസത്തെ പുട്ട് പിറ്റേന്ന് ഉപ്പുമാവാക്കണ പോലെ. അവരെ വർത്താനം കണ്ടാൽ ലോകത്തെ ഏറ്റവും വലിയ ചിന്തകരും സാമൂഹിക വിമർശകരും അവരാണെന്നു തോന്നും . അന്ന് രാവിലെ പത്രം പിരിച്ചു വിട്ടാൽ വൈകുന്നേരം അതിന്റെ വിവരീതക്കൂട്ടിൽ കയറി നേരത്തേ പറഞ്ഞതെല്ലാം മാറ്റിപ്പറയണം. മുൻ പോസ്റ്റ്കൾ മായ്ചും കളയും. എന്നാലും വീറിനു കുറവില്ല എഴുതുമ്പോൾ എന്തോരു ആത്മാർഥതയാണെന്നറിയാ‍മോ? പണം കൊടുക്കുന്നവനു വേണ്ടി ആരെയും തെറിപറയാൻ മടിക്കാത്ത ഇവരാണ് ഇന്നത്തെ കാലത്തെ പ്രൊഫഷണൽ ബ്ലോഗർമാർ. കലികാലമാണപ്പീ… എന്തും പാമ്പാവുന്ന കാലം. വ്യാജ ഫോട്ടോ അയച്ച് പിടിച്ചതിന്റെ കത ആഘോഷിക്കാതെന്ത് മനോജരണ്ണാ? ആരും കൂടെയില്ല്ലായിരുന്ന കാലത്ത് കൂടെ നിന്നവനെന്ന കണക്കിൽ വിപ്ലവാനന്തര നാളിൽ പെൻഷൻ കിട്ടാതിരിക്കില്ല. അനാഥനായിരുന്ന മുത്തത്തിനു ജോലികിട്ടിയതിൽ സന്തോഷം അന്നമല്ലേണ്ണാ വലുത്. ആ‍മാശയത്തിലും മേലെയാണോ ആശയം."

ഇപ്പൊ കിട്ടിയവാർത്ത:-
“പാർട്ടി സെക്രട്ടറിയുടെ നനച്ചിട്ടിരുന്ന മുണ്ടിൽ മഷി കൊടഞ്ഞതിനു 2 സോഫ്റ്റ് വെയർകാരന്മാരെ അണ്ടർവെയറിൽ നിറുത്തിയിരിക്കുന്ന പടം ലൈവ് കാണിക്കുന്നു. കൂട്ടത്തിൽ ഉപകാരസ്മരണാർത്ഥം ഡിജിപി നടത്തുന്ന പൂമൂടൽ കാടാമ്പുഴയിൽ...”


ആംബുലൻസിൽ നിന്നിറങ്ങുമ്പോൾ ഉമ്മിണിപ്പിള്ള ഒന്നു കൂടി പറഞ്ഞു.

“ലവന്മാര്ടെ എടേല് ഞാനെങ്ങനെ പെഴക്കുവടേയ്........”

ഉമ്മിണിപ്പിള്ളയുടെ കലിപ്പിന്റെ മൂട്ടില്‍ മൌനിക്കു കുലച്ച കവിത ഇങ്ങനെ ഡ്രാഫ്റ്റുചെയ്തിട്ടു.

തിളക്കുന്ന ചോര
അടുപ്പ്
കഥ
കവിത
കത്തി
രാഷ്ട്രീയം

വെന്തകഞ്ഞി
ആറി
തണുത്താറി
ഈച്ചവീണ്...

ഛേ, ഒന്നുമങ്ങ്
ഒത്തുപോകുന്നില്ല
കവിതപോലെ
പാകമാകുന്നില്ല


കൊട്ടേഷൻ സംഘം അടുത്തെത്തിയെന്ന ബോധ്യത്തോടെയാണ് ക.ക.ലേഖകനെ ഞങ്ങൾ ആംബുലൻസിൽ തന്നെയിരുന്നു വിളിച്ചത്. അപ്പോഴെക്കും ക.ക.ലേഖകൻ എഴത്ത് ആരംഭിച്ചിരിക്കുന്നുവെന്ന സന്തോഷവർത്തമാനമറിയിച്ചു. മൊബൈൽ ഫോണിലൂടെ കുറച്ചു വായിച്ചു തരികയും ചെയ്തു. അതു കാരണവർക്കടക്കം എല്ലാവർക്കും ബോധിച്ചതിനാൽ കട്ടെഴുതിയ ചിന്തകളുടെ ഡ്രാഫ്റ്റിലിടാൻ പറഞ്ഞു.


അത് ഒരു പക്ഷെ ഇങ്ങനെയായിരിക്കും.(ക.ക.ലേഖകൻ എഴുതി പൂരിപ്പിക്കുമെന്നവിശ്വാസത്തോടെ...)

കൌസല്ല്യ.

സത്യം പറഞ്ഞാല്‍ ഞാന്‍ കാരണവരില്‍ നിന്നും തട്ടിയെടുത്ത കൌസല്ല്യയ്ക്ക് പുറകിലായിരുന്നു കഴിഞ്ഞ രണ്ടുദിവസം. അവളെ എങ്ങിനെ എനിക്ക് പറ്റിയതരത്തില്‍ മെരുക്കിയെടുക്കാം എന്നതായിരുന്നു ചിന്ത. അവളെ ഒന്ന് നന്നായി മെരുക്കിയെടുത്താല്‍ അത്യാവശ്യം കുറച്ച് ദിവസത്തേക്ക് ഉപകരിച്ചേക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു. അതിനാല്‍ കഴിഞ്ഞ കുറേ രാത്രികളില്‍ അവളായിരുന്നു കൂട്ട്. അതാണ് സദസ്സില്‍ എന്നെ കാണാതിരുന്നത്. എന്തായാലും അവധി വരുകയല്ലെ.... നിങ്ങള്‍ വരുകയാണെങ്കില്‍ എന്റെ വീട്ടില്‍ വച്ച് കൌസല്ല്യയെ നമ്മുക്ക് എല്ലാവര്‍ക്കും കൂടി ഒന്ന് പരുവപ്പെടുത്താം. അതിനാല്‍ ക്വട്ടേഷന്‍ സംഘത്തെ തിരിച്ച് വിളിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പഞ്ചാര

പിന്നെ രണ്ട് ദിവസമായി നിര്‍ത്തിവച്ച നടത്തം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. എന്തായാലും ശരീരത്തിനു ഒരു സുഖമുണ്ട് ഇപ്പോള്‍, ശരീരത്തിനു മാത്രമല്ല മനസ്സിനും നല്ല സുഖമാണിപ്പോള്‍, ഓഫിസിലെ (-------)(---------)(ഇവിടെ സ്ത്രീ‍ ജനങ്ങളുടെ പേരാണ്, ക.ക.ലേഖകന്റെ കുറിപ്പായതിനാൽ അവിടെ “ഡാഷ്” ഉപയോഗിക്കുകയാണ് ഉത്തമം) വന്ന് ഒത്തിരി പഞ്ചാരയടിക്കുന്നതിനാല്‍ സുലൈമാനിയില്‍ ഞാന്‍ പഞ്ചസാര കുറച്ചേ ഇപ്പോള്‍ ഓഫിസ് ബോയിമാരോട് ചേര്‍ക്കാന്‍ പറയുന്നുള്ളു. എന്തായാലും ഈ വിധത്തില്‍ പോയാല്‍ ഞാന്‍ സുക്ഷിക്കുന്ന എന്റെ പുരുഷത്വം നഷ്ടപെടുമെന്ന് തോന്നുന്നു. ഇനി പുതിയ സ്ഥലത്ത് പോയി ജോലി ചെയ്യുമ്പോള്‍(ക.ക.ലേഖകനെ തലസ്ഥാന നഗരിയിലേക്ക് മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു ) ഈ വിധത്തില്‍ പഞ്ചാരയൊന്നും കിട്ടില്ലല്ലോ എന്നതാണ് ഓര്‍ക്കുമ്പോള്‍ സങ്കടം.

വാഷിംഗ് മെഷിൻ

‍വാഷിംഗ് മെഷിനില്‍ തുണിയിട്ടത് ഇപ്പോള്‍ എഴുതികൊണ്ടിരുന്നപ്പോഴാണോര്‍ത്തത് , അത് എടുത്ത് ഇട്ടിട്ട് വരാം. പഴയ കാലം ഓര്‍മ്മ വരുന്നു, എന്തായാലും “കൈ” കൊണ്ട് “തുണി”യലക്കുന്നതിന് ഒരു “സുഖ”മുണ്ടായിരുന്നു. മെഷിന്‍ ഫ്രീ ആണെങ്കിലും ചിലപ്പോള്‍ കൈകൊണ്ട് അലക്കുന്നത് തന്നെയാണ് സുഖം. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ സുഖം.

ശുഭരാത്രി.

ഞാന്‍ നിറുത്തട്ടെ.......ടിവിയില്‍ ശ്രീ. സനല്‍ പോറ്റി, പ്രസിദ്ധ സംവിധായന്‍ പ്രിയനന്ദനുമായി ശുഭരാത്രി എന്ന പരിപാടിയില്‍ നല്ല സര്‍ഗസംവാദം നടത്തുന്നു. അതൊന്ന് കാണണം. അത് കഴിഞ്ഞിട്ട്, ഇവിടെ എല്ലാവരെയും കണ്ടുമുട്ടിയതും, സൌഹൃദമായതൊക്കെയും എഴുതണം.ശരിയാണ് ഈ നാട് എനിക്ക് തന്നത് ഈ നല്ല സൌഹൃദം മാത്രമാണ്. അതിനാല്‍ തന്നെ തെറ്റായിരുന്നില്ല ഈ നാട്ടിലേക്കുള്ള എന്റെ ഈ കൂടുമാറ്റം. പിന്നെ അനിവാര്യമായ പിരിയല്‍ അത് ജീ‍വിതത്തില്‍ സാധാരണമാണല്ലോ.

സ്നേഹത്തോടെ....

ക.ക.ലേ.

3 അഭിപ്രായങ്ങൾ:

പുലാവ് പറഞ്ഞു...

എന്തെരെങ്കിലും നാലച്ചരം എഴുതാമെന്ന് നിരൂവിച്ചാൽ അപ്പം എറങ്ങിക്കൊള്ളും ചിലരു മനുഷ്യന്റെ തലകടിക്കാൻ. പിണറായീടെ മോൻ അമേരിക്കയിൽ പഠിക്കാൻ പോയ അന്ന് തൊടങ്ങിയതാണ് പുകിലുകള്.. കലിപ്പ്കൾ തീരണില്ല. ബ്ലോഗിൽ കാഗ്രസ്സു കണ്ടുപിടിച്ച ചില അളിഞ്ഞവന്മാരുണ്ട് . സിമി, അഞ്ചരയോ അറരയോ കണ്ടികൾ ,കുപ്ത മൌര്യൻ തുടങ്ങി കുറേപ്പേരുണ്ട്. ഇവർ സ്വതന്ത്ര രാജ്യത്തെ മാന്യമാരാണെന്നാണ് വയ്പ്പ്

ചന്തു പറഞ്ഞു...

കലിപ്പ് തന്നെ

അജ്ഞാതന്‍ പറഞ്ഞു...

Fantastic obsevations