2009, നവംബർ 24, ചൊവ്വാഴ്ച

അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്

ഒരു വസ്തുതയെ ഗ്രഹിക്കുന്നത് അതിന്റെ പരിപൂർണ്ണമായ നിശ്ചലതയിൽ നിന്നാണ്. ആ നിശ്ചലതയാവട്ടെ തീർത്തും അയഥാർത്ഥവും. കാരണവരുടെ സ്ഥിരം വാക്യങ്ങളായി മാത്രമേ ഞങ്ങളിതിനെ ശ്രവിച്ചതെങ്കിലും ഉദാഹരണസഹിതം കാരണവർ വിശദ്ദീകരിച്ചപ്പോൾ ഏതാണ്ട് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. ഉദാഹരണത്തിന് പി.ടി.ഉഷ ഓടുന്ന ഒരു ചിത്രം “അവർ ഓട്ടത്തിനിടയ്ക്ക് ഒരിക്കലും നിശ്ചലമായി നിന്നിട്ടില്ല. പൂർണ്ണമായി ചലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ ഒരു സ്ഥലത്ത് ബ്രേക്ക് ചെയ്താൽ മാത്രമേ ഒരു ഫോട്ടോ എടുക്കാനവൂ. അല്ലെങ്കിൽ ഗ്രഹിക്കാനാവൂ. അല്ലെങ്കിൽ ഒഴുന്ന വൈദ്യുതിയിൽ തൊട്ടതു പോലെ ഷോക്കടിക്കും . ഇത്തരത്തിൽ അറിഞ്ഞതിന്റെ തുടർച്ചയെയാണ് നമ്മൾ മുന്നോട്ട് കൊണ്ട് പോവേണ്ടതെന്നും അതാണ് നമ്മെ വൈദ്യുതി പോലെ സമൂഹത്തിനു ഉപകാരപ്രദക്കുകയെന്നും കാരണവർ പറഞ്ഞവസാനിപ്പിച്ചത്, എഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ്. എഴുത്തുകാരന്റെ അവസാനമിറങ്ങിയ നോവൽ പ്രശസ്ത നോവലിസ്റ്റും ഇരിങ്ങാലക്കുടക്കാരനുമായ പി.സച്ചിദാനന്ദനു നന്നായി ഇഷ്ടപ്പെട്ടുവെന്ന് തൃശൂരുള്ള പ്രസാധകനെ അറിയിച്ചതായ എഴുത്തുകാരന്റെ സന്തോഷം ഞങ്ങളോടും പങ്കിട്ടു. തിരിച്ചിറങ്ങുമ്പോഴാണ് കഴിഞ്ഞ ബ്ലോഗ്ഗ് മീറ്റിങ്ങിനു ബൂലോകത്തേക്കു കയറ്റി വിട്ട മിസ്റ്റർ ഉമ്മിണിപ്പിള്ളയെ കണ്ടത്. അതെ നിങ്ങൾ കരുതുന്ന ആ ഉമ്മിണി തന്നെ “ധർമ്മരാജ”യിലെ കഥാപാത്രം. ഒരു ഐ.ഡിയുണ്ടാക്കി കാത്തിരിക്കുകയായിരുന്നു, അറിവുള്ളവൻ പറയാൻ ഭയക്കുന്നതുപോലെ കമന്റിടാൻ ധൈര്യമില്ലാത്തതിനാൽ ഇപ്പോഴും ഒരു പാവം ബ്ലോഗുവായനക്കാരനായി മാത്രം തുടരുന്നു. ആംബുലൻസിൽ വെച്ച് ഉമ്മിണിപ്പിള്ള ബൂലോകത്തെ തനിക്കു താല്പര്യമുള്ള വിഷയമായ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്, പുലാവും,കവി(മൌനി)യും ചേർന്നു അതു പോലെ തന്നെ മനസ്സിൽ കുറിച്ചെടുത്ത് കട്ടെഴുതിയ ചിന്തകളുടെ ഡ്രാഫ്റ്റിൽ കുറിച്ചിട്ടു.

അതിങ്ങനെയായിരുന്നു...

തന്തമാരും പിള്ളേരുകളും
"എന്തെരെങ്കിലും നാലച്ചരം എഴുതാമെന്ന് നിരൂവിച്ചാൽ അപ്പം എറങ്ങിക്കൊള്ളും ചിലരു മനുഷ്യന്റെ തലകടിക്കാൻ. പിണറായീടെമോൻ (ഒരു പ്രയോഗമായി തെറ്റിദ്ധരിച്ചാലും കഴപ്പില്ല) അമേരിക്കയിൽ പഠിക്കാൻ പോയ അന്ന് തൊടങ്ങിയതാണ് പുകിലുകള്.. കലിപ്പ്കൾ തീരണില്ല. ബ്ലോഗിൽ കാംഗ്രസ്സു കണ്ടുപിടിച്ച ചില അളിഞ്ഞവന്മാരുണ്ട് . സിമി, അഞ്ചരയോ ആറരയോ കണ്ടികൾ ,കുപ്ത മൌര്യൻ തുടങ്ങി കുറേപ്പേരുണ്ട്. ഇവർ സ്വതന്ത്ര രാജ്യത്തെ മാന്യമാരാണെന്നാണ് വയ്പ്പ് .വികസനം എങ്ങനെയെന്ന് ചോദിച്ചാല്‍ സ്മാർട്ട് സിറ്റി മോഡൽ എന്ന് പറയും. കമ്മിണിസ്റ്റാള്ടെ കൊഴപ്പം അവരു വളരെ പെറകേ പോണവരാണ് വേഗതപോരാ എന്നോക്കെയാണ് വിചാരങ്ങള്.. അപ്പോ നന്ദിഗ്രാമിൽ വന്ന വേഗതകൂടിയ വികസനമോ? അയ്യേ അത് തെറ്റ് മമതയും നക്സലുമാണ് അവിടെ ശരി. അതേ സാധനം ഗുജറാത്തിൽ വന്നാലോ അതാണ് വികസനം ! അതിലെന്താ സംശയം? ആണവോർജ്ജം കണ്ടുപിടിച്ചതാര് എന്ന് ദുബൈയിൽ ഒരു സ്കൂളിൽ ചോദ്യം വന്നപ്പോൾ സിമി നസ്രേത്ത് എന്നാണ് കുട്ടികളെഴുതിയത്.. അതാണിതിന്റെ ഒരിത് അല്ലങ്കിൽ ആധികാരികത. സാഹിത്യം പറഞ്ഞു തൊടങ്ങീയാൽ എന്തൊരു സ്വാതന്ത്ര്യബോധമാണ് . ഫൂക്കോ ,ലക്കാൻ എന്നിങ്ങനെ അമൂർത്ത ബിംബ സമൃദ്ധിയിൽ ഒരു കിഴക്കോട്ടിറക്കമുണ്ട്. എന്തരോ ഏതോ ..? നിങ്ങൾക്കറിയാമോ ഇതേ ജാതി ആളുകളുടെ മച്ചിമ്പിമാരാണ് മറ്റേ പകുതിയിൽ നിൽക്കുന്നത് പി എം മനോജ്, കിരൺ തോമാ( ആട്), മാരീചൻ പിന്നെയുമുണ്ട് പേരു പറയാൻ കൊള്ളാത്ത കൊറേയെണ്ണം . അവന്മാരെ പണിയെന്താന്നറിയാമോ ? പിണറായിക്ക് കീ ജയ് വിളിച്ച് സാർവ്വരാജ്യ കമ്മ്യൂണിസ്റ്റ്കൾക്കും തെറി വാങ്ങി കൊടുക്കുകയാണ്.ഇന്നാളു ഒരു ഒന്നര പോസ്റ്റ് കണ്ടു. പിണറായി പുത്രനെ ന്യായീകരിച്ച്. അമ്മച്ചി കരഞ്ഞതുകൊണ്ടാണ് പിണറായി അണ്ണൻ മോനെ അമേരിക്കയിൽ വിട്ടതെന്നണ് ലങ്ങേരുടെ വാതം. ജയിച്ചു വരമ്പഴും ഈ അമ്മച്ചിമാർ കരയും മോനെ ചെത്ത് തൊഴിലാ‍ളി ക്ഷേമനിധി ബോർഡിന്റെ ചെയർമാനാക്കാൻ ചെയ്തല്ലേപറ്റൂ. അങ്ങനെ ഒരു തള്ള വിളിയോട് വിളി വിളിച്ചപ്പഴാണ് ഗൾഫിലെ ഒരു വലിയ മുതലാളി ഒരു മന്ത്രിമോനെ വൈസ്പ്രസിഡന്റ് ആക്കിയത്. പകരം അയാൾക്ക് പാരത രത്നമോ കേരളാ വൈഡൂര്യമോ കൊടുത്തു. എന്തൊരു തൊന്തരവാണ് ഈ നേതാവുപണിയെന്ന് കണ്ടോ? പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഏത് കടയടുപ്പിൽ പോയി പഠിച്ചാലും നമക്ക് ഒരു ചേതവുമില്ല. പക്ഷേ ഇത് ഇന്നാരെ മോനാണെന്ന് പറയുമ്പോൾ നമ്മൾ നോക്കൂലെ തന്തയുടെ ഏത് ഗുണം മോനുണ്ടെന്ന് . അച്ചന്റെ മൂക്ക്, അതേകണ്ണ്, അതേ നടത്തം ഇങ്ങനെ. ഞാൻ ചോദിക്കട്ടെ അപ്പീ.. കോടിയേരിയുടെ മോനു അച്ഛന്റേന്ന് കിട്ടിയത് ഏത് ഗുണമാണ്. പിണറായീടെ മകൻ അമേരിക്കയിലേ പഠിക്കു എന്ന് വാശിപിടിച്ചാൽ എന്താ ചെയ്യുക? .അയച്ചല്ലേ പറ്റൂ. പക്ഷേ ഇന്ന് പിണറായിൽ കാണുന്ന സാമൂഹ്യ ബോധവും സ്വഭാവവും അദ്ദേഹത്തിന്റെ അച്ഛന്റെ കൈയ്യിൽ നിന്നു പകർന്നതാണെന്നു അദ്ദേഹം കരുതുന്നുണ്ടോ. അതോ അത്തരത്തിൽ തന്തയിൽ നിന്നു ഒന്നും പകരൂലെന്നാണോ? എനിക്കറിഞ്ഞൂടാ... തന്തയില്ലാത്ത കാലത്തേയ്ക്കാണോ നമ്മളെ പോക്ക്. പപ്പനാഭാ.. നെഞ്ചക്ക് പൊറുക്കതില്ലേയ്. ..

രാത്രി പത്രത്തിലെഴുതുന്നത് പിറ്റന്ന് രാവിലെ ബ്ലോഗിലിടുന്ന ചില പത്രക്കാരുണ്ട്. ദാ‍രിദ്ര്യ വിലാസം ചായക്കടയിൽ തലേദിവസത്തെ പുട്ട് പിറ്റേന്ന് ഉപ്പുമാവാക്കണ പോലെ. അവരെ വർത്താനം കണ്ടാൽ ലോകത്തെ ഏറ്റവും വലിയ ചിന്തകരും സാമൂഹിക വിമർശകരും അവരാണെന്നു തോന്നും . അന്ന് രാവിലെ പത്രം പിരിച്ചു വിട്ടാൽ വൈകുന്നേരം അതിന്റെ വിവരീതക്കൂട്ടിൽ കയറി നേരത്തേ പറഞ്ഞതെല്ലാം മാറ്റിപ്പറയണം. മുൻ പോസ്റ്റ്കൾ മായ്ചും കളയും. എന്നാലും വീറിനു കുറവില്ല എഴുതുമ്പോൾ എന്തോരു ആത്മാർഥതയാണെന്നറിയാ‍മോ? പണം കൊടുക്കുന്നവനു വേണ്ടി ആരെയും തെറിപറയാൻ മടിക്കാത്ത ഇവരാണ് ഇന്നത്തെ കാലത്തെ പ്രൊഫഷണൽ ബ്ലോഗർമാർ. കലികാലമാണപ്പീ… എന്തും പാമ്പാവുന്ന കാലം. വ്യാജ ഫോട്ടോ അയച്ച് പിടിച്ചതിന്റെ കത ആഘോഷിക്കാതെന്ത് മനോജരണ്ണാ? ആരും കൂടെയില്ല്ലായിരുന്ന കാലത്ത് കൂടെ നിന്നവനെന്ന കണക്കിൽ വിപ്ലവാനന്തര നാളിൽ പെൻഷൻ കിട്ടാതിരിക്കില്ല. അനാഥനായിരുന്ന മുത്തത്തിനു ജോലികിട്ടിയതിൽ സന്തോഷം അന്നമല്ലേണ്ണാ വലുത്. ആ‍മാശയത്തിലും മേലെയാണോ ആശയം."

ഇപ്പൊ കിട്ടിയവാർത്ത:-
“പാർട്ടി സെക്രട്ടറിയുടെ നനച്ചിട്ടിരുന്ന മുണ്ടിൽ മഷി കൊടഞ്ഞതിനു 2 സോഫ്റ്റ് വെയർകാരന്മാരെ അണ്ടർവെയറിൽ നിറുത്തിയിരിക്കുന്ന പടം ലൈവ് കാണിക്കുന്നു. കൂട്ടത്തിൽ ഉപകാരസ്മരണാർത്ഥം ഡിജിപി നടത്തുന്ന പൂമൂടൽ കാടാമ്പുഴയിൽ...”


ആംബുലൻസിൽ നിന്നിറങ്ങുമ്പോൾ ഉമ്മിണിപ്പിള്ള ഒന്നു കൂടി പറഞ്ഞു.

“ലവന്മാര്ടെ എടേല് ഞാനെങ്ങനെ പെഴക്കുവടേയ്........”

ഉമ്മിണിപ്പിള്ളയുടെ കലിപ്പിന്റെ മൂട്ടില്‍ മൌനിക്കു കുലച്ച കവിത ഇങ്ങനെ ഡ്രാഫ്റ്റുചെയ്തിട്ടു.

തിളക്കുന്ന ചോര
അടുപ്പ്
കഥ
കവിത
കത്തി
രാഷ്ട്രീയം

വെന്തകഞ്ഞി
ആറി
തണുത്താറി
ഈച്ചവീണ്...

ഛേ, ഒന്നുമങ്ങ്
ഒത്തുപോകുന്നില്ല
കവിതപോലെ
പാകമാകുന്നില്ല


കൊട്ടേഷൻ സംഘം അടുത്തെത്തിയെന്ന ബോധ്യത്തോടെയാണ് ക.ക.ലേഖകനെ ഞങ്ങൾ ആംബുലൻസിൽ തന്നെയിരുന്നു വിളിച്ചത്. അപ്പോഴെക്കും ക.ക.ലേഖകൻ എഴത്ത് ആരംഭിച്ചിരിക്കുന്നുവെന്ന സന്തോഷവർത്തമാനമറിയിച്ചു. മൊബൈൽ ഫോണിലൂടെ കുറച്ചു വായിച്ചു തരികയും ചെയ്തു. അതു കാരണവർക്കടക്കം എല്ലാവർക്കും ബോധിച്ചതിനാൽ കട്ടെഴുതിയ ചിന്തകളുടെ ഡ്രാഫ്റ്റിലിടാൻ പറഞ്ഞു.


അത് ഒരു പക്ഷെ ഇങ്ങനെയായിരിക്കും.(ക.ക.ലേഖകൻ എഴുതി പൂരിപ്പിക്കുമെന്നവിശ്വാസത്തോടെ...)

കൌസല്ല്യ.

സത്യം പറഞ്ഞാല്‍ ഞാന്‍ കാരണവരില്‍ നിന്നും തട്ടിയെടുത്ത കൌസല്ല്യയ്ക്ക് പുറകിലായിരുന്നു കഴിഞ്ഞ രണ്ടുദിവസം. അവളെ എങ്ങിനെ എനിക്ക് പറ്റിയതരത്തില്‍ മെരുക്കിയെടുക്കാം എന്നതായിരുന്നു ചിന്ത. അവളെ ഒന്ന് നന്നായി മെരുക്കിയെടുത്താല്‍ അത്യാവശ്യം കുറച്ച് ദിവസത്തേക്ക് ഉപകരിച്ചേക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു. അതിനാല്‍ കഴിഞ്ഞ കുറേ രാത്രികളില്‍ അവളായിരുന്നു കൂട്ട്. അതാണ് സദസ്സില്‍ എന്നെ കാണാതിരുന്നത്. എന്തായാലും അവധി വരുകയല്ലെ.... നിങ്ങള്‍ വരുകയാണെങ്കില്‍ എന്റെ വീട്ടില്‍ വച്ച് കൌസല്ല്യയെ നമ്മുക്ക് എല്ലാവര്‍ക്കും കൂടി ഒന്ന് പരുവപ്പെടുത്താം. അതിനാല്‍ ക്വട്ടേഷന്‍ സംഘത്തെ തിരിച്ച് വിളിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പഞ്ചാര

പിന്നെ രണ്ട് ദിവസമായി നിര്‍ത്തിവച്ച നടത്തം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. എന്തായാലും ശരീരത്തിനു ഒരു സുഖമുണ്ട് ഇപ്പോള്‍, ശരീരത്തിനു മാത്രമല്ല മനസ്സിനും നല്ല സുഖമാണിപ്പോള്‍, ഓഫിസിലെ (-------)(---------)(ഇവിടെ സ്ത്രീ‍ ജനങ്ങളുടെ പേരാണ്, ക.ക.ലേഖകന്റെ കുറിപ്പായതിനാൽ അവിടെ “ഡാഷ്” ഉപയോഗിക്കുകയാണ് ഉത്തമം) വന്ന് ഒത്തിരി പഞ്ചാരയടിക്കുന്നതിനാല്‍ സുലൈമാനിയില്‍ ഞാന്‍ പഞ്ചസാര കുറച്ചേ ഇപ്പോള്‍ ഓഫിസ് ബോയിമാരോട് ചേര്‍ക്കാന്‍ പറയുന്നുള്ളു. എന്തായാലും ഈ വിധത്തില്‍ പോയാല്‍ ഞാന്‍ സുക്ഷിക്കുന്ന എന്റെ പുരുഷത്വം നഷ്ടപെടുമെന്ന് തോന്നുന്നു. ഇനി പുതിയ സ്ഥലത്ത് പോയി ജോലി ചെയ്യുമ്പോള്‍(ക.ക.ലേഖകനെ തലസ്ഥാന നഗരിയിലേക്ക് മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു ) ഈ വിധത്തില്‍ പഞ്ചാരയൊന്നും കിട്ടില്ലല്ലോ എന്നതാണ് ഓര്‍ക്കുമ്പോള്‍ സങ്കടം.

വാഷിംഗ് മെഷിൻ

‍വാഷിംഗ് മെഷിനില്‍ തുണിയിട്ടത് ഇപ്പോള്‍ എഴുതികൊണ്ടിരുന്നപ്പോഴാണോര്‍ത്തത് , അത് എടുത്ത് ഇട്ടിട്ട് വരാം. പഴയ കാലം ഓര്‍മ്മ വരുന്നു, എന്തായാലും “കൈ” കൊണ്ട് “തുണി”യലക്കുന്നതിന് ഒരു “സുഖ”മുണ്ടായിരുന്നു. മെഷിന്‍ ഫ്രീ ആണെങ്കിലും ചിലപ്പോള്‍ കൈകൊണ്ട് അലക്കുന്നത് തന്നെയാണ് സുഖം. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ സുഖം.

ശുഭരാത്രി.

ഞാന്‍ നിറുത്തട്ടെ.......ടിവിയില്‍ ശ്രീ. സനല്‍ പോറ്റി, പ്രസിദ്ധ സംവിധായന്‍ പ്രിയനന്ദനുമായി ശുഭരാത്രി എന്ന പരിപാടിയില്‍ നല്ല സര്‍ഗസംവാദം നടത്തുന്നു. അതൊന്ന് കാണണം. അത് കഴിഞ്ഞിട്ട്, ഇവിടെ എല്ലാവരെയും കണ്ടുമുട്ടിയതും, സൌഹൃദമായതൊക്കെയും എഴുതണം.ശരിയാണ് ഈ നാട് എനിക്ക് തന്നത് ഈ നല്ല സൌഹൃദം മാത്രമാണ്. അതിനാല്‍ തന്നെ തെറ്റായിരുന്നില്ല ഈ നാട്ടിലേക്കുള്ള എന്റെ ഈ കൂടുമാറ്റം. പിന്നെ അനിവാര്യമായ പിരിയല്‍ അത് ജീ‍വിതത്തില്‍ സാധാരണമാണല്ലോ.

സ്നേഹത്തോടെ....

ക.ക.ലേ.

2009, നവംബർ 23, തിങ്കളാഴ്‌ച

നിഗൂഡതയോടുള്ള ബഹുമാനമാണെന്റെ മതം



“നിഗൂഡതയോടുള്ള ബഹുമാനമാ‍ണെന്റെ മതമെന്ന്“ ഐൻസ്റ്റീൻ പറഞ്ഞതിനെ കാരണവർ വീണ്ടും പറയാൻ കാരണം. ഒരു പക്ഷെ അറിഞ്ഞലോകത്തിനെ നിസ്സാരമെന്നും അറിയാത്ത ലോകത്തെ ആരാധനയോടെയും കാണാൻ പഠിപ്പിക്കുന്ന മതവിശ്വാസങ്ങളോടുള്ള വെല്ലുവിളിയായാണെന്ന് ഞങ്ങൾക്ക് തോന്നി. ക.ക.ലേഖകൻ നേരത്തെ സ്റ്റാൻഡ് വിട്ടതിനാൽ പുലാവും, മൌനി(കവി)യും മാത്രമേ ചർച്ചക്കായി ആംബുലൻസിൽ ഉണ്ടായിരുന്നുള്ളൂ. ഓരോർത്തരും അവർക്കു വെളിവായ ലോകങ്ങളിൽ ജീവിക്കുന്നുവെന്നു പറഞ്ഞു തുടങ്ങിയ കാരണവർ. അവർക്കു മുന്നിൽ മറഞ്ഞു നിൽക്കുന്ന ലോകത്തെ തെളിഞ്ഞ ലോകം കൊണ്ട് മനസ്സിലാക്കണമെന്ന് പറഞ്ഞു. നമ്മുടെ വെളിച്ചത്തിലുള്ള ലോകത്തെ ആരാധിക്കുകയും അജ്ഞമായി കിടക്കുന്ന ലോകത്തെ ബഹുമാനിച്ചു കൊണ്ട് അറിയാൻ ശ്രമിക്കുകയും ചെയ്യുകയെന്നു സാരം. മതവിശ്വാസങ്ങളോടുള്ള കടുത്ത വെല്ലുവിളി ആർക്ക് ഏറ്റെടുക്കാനാവും ചർച്ചക്കൾക്ക് മാത്രമിരിക്കുന്ന ഞങ്ങൾക്കോ അതോ കാരണവർക്കോ. ഇവിടെയാണ് വ്യക്തി കേന്ദ്രീകൃതമായി വിശ്വാസങ്ങൾ കൈമാറപ്പെട്ട ഒരു പുതിയ പരിഷ്കൃത സമൂഹത്തിന്റെ ആവിർഭാവമെന്ന് പുലാവിനു തോന്നി. അല്ലാതെ കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന്റെ മകനു കമ്മ്യൂണിസ്റ്റുകാരനല്ലാതെ വളരുന്നതിനെ ന്യായീകരിക്കുന്ന ജനാധിപത്യബോധത്തെ തീർത്തും അരാഷ്ട്രീയമെന്നു വിളിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് പുലാവും, കാരണവരും, മൌനിയും,ക.ക.ലേഖകനും (absolute_void(sebinaj);) എന്ന മഹാന്റെ പോസ്റ്റിൽ ഇടപെടാതിരുന്നതും. അടുത്തിടെ ബൂലോകത്തു കണ്ട ഏറ്റവും അരാഷ്ട്രീയമായ കുറിപ്പ്. രാഷ്ട്രീയമെന്നു ദ്യോദിപ്പിച്ച് അരാഷ്ട്രീയത മാത്രം ചർച്ചക്ക് വരുന്നതിൽ കാരണവർ വളരെ അസഹ്യത പ്രകടിപ്പിച്ചു. ഒരു പൂവിരിയുന്നതു പോലെ സ്വാഭാവികമായി സംഭവിക്കാവുന്ന വിപ്ലവങ്ങൾക്ക് കാത്തു നിൽക്കാതെ കർതൃബന്ധിതമായി ഉണ്ടാവേണ്ട വിപ്ലവത്തെ(ഇടപെടലുകളെ) കാരണവർ വിശദീകരിച്ചത് ഇതിനെ തുടർന്നായിരുന്നു.“ സമകാലീനതയിൽ ഇടപെടുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്ന ബോധം” വളർത്താൻ ചിന്തയിലും പ്രവർത്തിയിലും ശ്രമിക്കാൻ കാരണവർ ഞങ്ങളെ ഉപദേശിച്ചു.


കാരണവരുടെ ഗിരിപ്രഭാഷണത്തിനു ശേഷം ഉറക്കം നഷ്ടപ്പെട്ട മൌനി കട്ടെഴുതുന്ന ചിന്തകളുടെ ഡ്രാഫ്റ്റില്‍ ഇങ്ങനെ കുറിച്ചിട്ടു.


ദൈവം ഒരു വലിയ ഉത്തരമാണ്
നിരവധി ചോദ്യങ്ങളെ ഇല്ലാതാക്കിക്കളയും

നിരത്തി വെക്കപ്പെട്ട ഉത്തരങ്ങളുടെ
ധാരാളിത്തത്തിനിടയിലും
തന്റേതായ ഉത്തരം
തെരഞ്ഞു പിടിക്കുന്നവനു മുന്നിൽ
ചോദ്യം പിന്നെയും ശേഷിക്കും

പരന്നുകിടന്ന അറിവിന്റെ ‘ഗോളം‘
അവനുമുന്നിൽ സ്വയം വിവസ്ത്രയാകും
അവളുടെ രഹസ്യങ്ങളെ വെളിവാക്കും
അവനുമായി പങ്കുവെക്കും

കിഴക്കേമനയിലെ ഇളമുറക്കാരൻ
ഇരുട്ടെത്തും മുൻപേ
തത്രപ്പെട്ട്
സംബന്ധവീട്ടിലേക്കോടുന്നെന്ന്
പരദൂഷണം പറഞ്ഞത്
തിരുത്തപ്പെടും

ദൈവമെന്ന ഉത്തരം
വലിയൊരു ചോദ്യമാണ്
ചോദ്യങ്ങള്‍ക്കു പിറകേ ചോദ്യങ്ങളായി
ഉത്തരം കിട്ടാതെ അലയുന്നവന്



(-)തന്തക്കു വിളിക്കേണ്ടി വരുന്നത്

ചില അവസരങ്ങളിൽ മേൽ പറഞ്ഞ അവസരങ്ങൾ അനിവാര്യമായി വരും അത് ആരെയായാലും.സ്വന്തം തെറിവിളികൾ മറ്റുള്ളവരുടെ ബ്ലോഗിൽ ലിങ്ക് ചെയ്യുന്നതിനും പിന്നെ താഴെ കൊടുത്തിരിക്കുന്ന ചില മാധ്യമ ചെറ്റത്തരങ്ങൾക്കും തീർത്തും തന്തക്കു വിളിയല്ലാതെ മാർഗ്ഗമില്ല.



ഇന്ത്യയുടെ ഭാഗമായ അരുണാചാൽ പ്രദേശ് ആണ് വിഷയം അത് ഗൂഗിൾ മാപ്പിൽ-



http://maps.google.co.in/ - ഇവിടെ “Arunachal Pradesh' എന്നു എഴുതിയാൽ ഇന്ത്യയുടെ ഭാഗമെന്നു കാണും.



http://maps.google.com/ - ഇത് അന്താരാഷ്ട്രമായ രൂപം ഇവിടെ“Arunachal Pradesh' എന്നു എഴുതിയാൽ തർക്കപ്രദേശമെന്നു കാണൂം.



http://ditu.google.cn/ - ഇത് ചൈനയുടെ വേർഷൻ ഇതിലാണെങ്കിൽ അരുണാചാൽ പ്രദേശ് അവരുടെ ടെറിട്ടറി.


ഇതു തന്നെയാണ് സമകാലിക മാധ്യമങ്ങളെല്ലാം ചെയ്യുന്നത് ആർക്ക് എങ്ങനെ വേണ്ടത് എന്നറിഞ്ഞ് അതിനനുസരിച്ചു കൊടുക്കുക. അത് ദൃശ്യമാധ്യമങ്ങളായാ‍യലും പത്രമാധ്യമാ‍ധ്യമങ്ങളായാലും യാതൊരു തർക്കവുമില്ലാതെ അനുസ്യൂതം ചെയ്തു കൊണ്ടിരിക്കുന്നു.ഇവരെയൊക്കെ ഉള്ള തന്തക്കല്ലാതെ പിന്നെ ആരെ വിളിക്കും.



ക.ക.(കാമകാര്യ) ലേഖകനു കിട്ടിയ അപേക്ഷക്കുറിപ്പ്.


ഒരു മാധ്യമപ്രവർത്തകന്റെ യാതൊരു മര്യാദകളും പാലിക്കാതെ തനിക്കു വേണ്ട സ്കൂപ്പുകൾ ശരിയായി മാർക്ക് ചെയ്ത് , ലക്ഷ്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ക.ക.ലേഖകനു തന്റെ ഇരയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു അപേക്ഷക്കുറിപ്പ് .



“നാറ്റിക്കരുത് ജീവിച്ച് പൊയ്ക്കോട്ടെ..”



സാമൂഹ്യവിരുദ്ധമെങ്കിലും ഉൾകൊള്ളാതിരിക്കാനാവില്ല. കാരണവരും അതു തന്നെ പറഞ്ഞു “ ഇനി വേണ്ട “. നമ്മുക്ക് മുന്നിൽ മുട്ടുമടക്കിയവനെ ചവിട്ടി തേക്കാൻ . പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളിൽ(കാമകാര്യ). ലേഖകന്റെ പ്രവർത്തനങ്ങൾ സസൂക്ഷമം നീരിക്ഷിക്കുവാൻ ചാരന്മാർ നിരവധിയാണ് , ജീവഭയം ഒട്ടും കാണിക്കാതെ മുന്നേറാൻ ശ്രമിക്കുന്ന ക.ക.ലേഖനെ കാരണവർ ഉപദേശിച്ചു.



“അടങ്ങ് ഉണ്ണീ.....അടങ്ങ്...”


കൊട്ടേഷൻ സംഘത്തിനെ ആവശ്യമുണ്ട്.

കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി അപൂർണ്ണമായതു പൂരിപ്പിക്കാൻ നിയോഗിച്ചതിൽ അലംഭാവം കാണിക്കുന്ന കാരണവരെയും ക.ക.ലേഖകനെയും കൈകാര്യം ചെയ്യാൻ ഒരു കൊട്ടേഷൻ സംഘത്തെ ആവശ്യമുണ്ട്.
-പുലാവ്

2009, നവംബർ 20, വെള്ളിയാഴ്‌ച

കമ്മ്യൂണിസ്റ്റുകളായ പിതാക്കന്മാരും (ശ്രീ) അവരുടെ പുത്രന്മാരും

കാരണവരുടെ ചുമ ഇന്ന് വെങ്കലത്തിലടിക്കുന്നതിനു പകരം ചെമ്പിലടിക്കുന്നതിനു തുല്യമായിരിക്കുന്നു. ആരുടെയോ ഉപദേശത്താൽ വാങ്ങിയ ദശമൂലരസായനം , ചുമ ഇപ്പോൾ മാറും എന്ന പ്രതീക്ഷയോടെ ഇടക്കിടെ എടുത്ത് കഴിക്കുന്നു. ഞങ്ങളും കഴിച്ചു എന്നു പറഞ്ഞാൽ പുലാവ്, കവി(മൌനി), ക.ക.ലേഖകനും(കാമകാര്യ ലേഖകൻ). പുലാവിനു അമ്മമ്മയുടെ മുറിയിലേക്കു നയിച്ച ഗന്ധമായാണ് ദശമൂലരസായാനം പ്രവർത്തിച്ചതെങ്കിൽ, വൈദ്യന്മാരുടെ വീട്ടിലെ സ്ത്രീ ജനങ്ങളുടെ സാമീപ്യമായാണ് ക.ക.ലേഖകനു തോന്നിയത്. കവി(മൌനി) അതിന്റെ എരിവും ചവർപ്പിന്റെയും കാരണങ്ങളും സുഖങ്ങളും അന്വേഷിക്കുമ്പോൾ അഷ്ടാംഗഹൃദയം പറയുന്ന പ്രകാരം വായുക്ഷോഭത്തിനും ഒച്ചയടപ്പിനും ശമനത്തിനായി കാരണവർ സ്പൂണിൽ തോണ്ടി വീണ്ടും രസായനം സേവിച്ചു കൊണ്ട് ചെമ്പിലടിയോടെ ചർച്ച തുടർന്നു.

പരിശോധനകൾ
ഗദ്ദാറിനെ കാത്ത് ഫ്ലാറ്റിനു താഴെ ആംബുലൻസിൽ പുലി വിശേഷങ്ങൾ കൊറിച്ചിർക്കുമ്പോഴാണ് പിറ്റേന്ന് നടക്കാനിരിക്കുന്ന സമ്മേളനത്തിൽ പ്രതിയോഗികളെ നേരിടാനുള്ള തന്ത്രങ്ങൾ പുലിക്ക് ഉപദേശിച്ചത് കാരണവരായിരുന്നു. എന്ത് ആരോപണമുന്നയിച്ചാലും തർക്കിക്കാതെ നേരിട്ട് തന്നെ പരിശോധിക്കാം എന്നു ഉറപ്പു കൊടുത്തു കൊണ്ട് നിശബ്ദ്ധനാക്കുന്ന ഒരു ലോക്കൽ കമ്മറ്റി തന്ത്രം. കാരണവർ ഓർത്തില്ല ഇതു തന്നെയാണ് അങ്ങു പി.ബി വരെ പിന്തുടരുന്നതെന്നും അവസാനം ആരോപണങ്ങൾ ഉന്നയിച്ചയാളെ എന്നന്നേക്കുമായി നിശബദ്ധനാക്കാൻ കഴിയുന്ന പരിശോധനയാണിതെന്നും. ഗദ്ദർ കയറി വന്നത് കയ്യിൽ എസ്.കെ പൊറ്റക്കാടിന്റെ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക.ഭാംഗിന്റെ പോലെ വിഷകന്യകയുടെ ലഹരിയിലേക്ക് ഗദ്ദാർ ഞങ്ങൾ നയിച്ചു. സമകാലീന സംഭവങ്ങളെ മിത്തുകളായി മാറ്റാനുള്ള എസ്.കെ.യുടെ കഴിവിനെ വാഴ്ത്തി. പിന്നെ ശതപഥബ്രാഹ്മാണത്തിൽ യാഗാദ്ധ്യായങ്ങൾ പഠിച്ചും പഠിപ്പിച്ചും നടന്ന സുകുമാർ അഴീക്കോടിനെ തോല്പിച്ചു ലോകസഭയിലെ തിരഞ്ഞെടുപ്പിലൂടെ വരുന്ന ആദ്യത്തെ സാഹിത്യകാരനെന്ന ഗദ്ദറിന്റെ അറിവ് ഞങ്ങളെ ഞെട്ടിച്ചു. ക.ക. ലേഖകനും , പുലാവും , കവി(മൌനി)യും ഗദ്ദാറിന്റെ വിജ്ഞാന ലഹരിയിൽ മയങ്ങി. ആംബുലൻസിന്റെ നിയന്ത്രണം കാരണവരിലായതിനാലും എല്ലാ ലഹരിയെക്കാളേറെ തന്റെ യൗക്തിക മണ്ഡലത്തിലായതിനാൽ ഗദ്ദറിന്റെ വിഷകന്യകയുടെ ഭാംഗ് അങ്ങേറ്റില്ല.

സോമനെ അന്വേഷിക്കുന്ന ക.ക.ലേഖകൻ
ഗദ്ദാറും കാരണവരും കൂടി മലയാളി കേന്ദ്രത്തിലെ പുസ്തകശാലയിലേക്ക് പോയപ്പോൾ, ക.ക.ലേഖകൻ പൂർണ്ണനായി സോമനെ അന്വേഷിക്കുകയായിരുന്നു. ഇപ്പോൾ വരും കുറച്ചു കഴിഞ്ഞാൽ വരുമെന്നൊക്കെ പറഞ്ഞ് പുലാവും, കവി(മൌനി)യും ചേർന്ന് സമാധാനിപ്പിച്ചുവെങ്കിലും ക.ക.ലേഖകനെ അവിടെ കണ്ട എല്ലാവരോടും ചോദിച്ചു കൊണ്ടിരുന്നു. വനിതകൾക്കായി ബഹളാരത്നം പരിപ്പാടി നടക്കുന്നതിനാൽ അതിന്റെ മെഗാഫിനാലെയിലെങ്കിലും സോമൻ വരാതിരിക്കില്ലെന്ന് കാരണവർ ക.ക.ലേഖകനെ സമാധാനിപ്പിച്ചു. വിഷകന്യകയെ തിരിച്ച് കൊടുത്ത് ഗദ്ദാർ വിചാരം പബ്ലിക്കേഷൻ പുറത്തിറക്കിയ “കമ്മ്യൂണിസ്റ്റുകളുടെ ജനാധിപത്യമെന്ന “ കെ.വേണുവിന്റെ പുസ്തകം കൊണ്ട് തിരിച്ചു വന്നു. പിറ്റേന്ന് നടക്കാനിരിക്കുന്ന സമ്മേളനത്തിലെ ബോറൻ പ്രസംഗങ്ങളെ ഒഴിവാക്കാൻ ഇതു നന്നായിരിക്കുമെന്ന ഗദ്ദാറിന്റെ പ്രസ്താവന കാരണവരുടെ ചുണ്ടിലൊരു പൊടി പുഞ്ചിരി ചിരിവരുത്തി. തുടർന്നു ഒരു തീവ്രവിപ്ലവകാരി തൊഴിൽ പോലും മാറ്റിവെച്ച് എ.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിലെ ഉഷാപട്നായിക്കിന്റെ(ശ്രീ/സഖാവ്) പ്രസംഗം പീപ്പിൾ ടീവിയിൽ കാത്തിരുന്നപ്പോൾ ആ സമയത്ത് കിട്ടിയത് ടെലിമാർക്കറ്റിങ്ങിൽ ഭാഗ്യരത്നങ്ങളുടെ സ്പോൺസേഡ് പ്രോഗ്രാമായിരുന്നുവെന്ന് തീവ്രവിപ്ലവകാരി സങ്കടം പറഞ്ഞുവെന്ന് കാരണവർ ഗദ്ദാറിനോട് പറഞ്ഞു. ഗദ്ദാർ സ്വതസിദ്ധമാ‍യ ശൈലിയിൽ ചിരിച്ചു.(തീവ്രവിപ്ലവകാരിക്കുള്ള സ്പേസ് കൊടുക്കാൻ കഴിയുമോ ഇല്ലയോ എന്ന ആശങ്കയാൽ നാമകരണം അതു ഇതു തന്നെ) പുലാവിനു കട്ടെഴുതിയ ചിന്തകളിൽ കുറിക്കാനുള്ള കൊട്ടേഷനുകൾ സമ്മേളന സ്ഥലത്തു നിന്ന് കോപ്പിയെടുത്ത് തരാമെന്ന് ഗദ്ദാർ സമ്മതിച്ചു.

കമ്മ്യൂണിസ്റ്റുകളായ പിതാക്കന്മാരും അവരുടെ പുത്രന്മാരും.
ചൈനീസ്സ് വിഭവങ്ങളായ തക്കാളിക്കറിയും ചെമ്മീൻ കറിയും പിന്നെ കുരുമളകിട്ട താറാവിറച്ചിയും ചേർത്തുള്ള ഭക്ഷണശേഷമാണ്, പ്രശ്സ്തനായ ഒരു ബ്ലോഗ്ഗറുടെ (അമ്മാവൻ)(“ശ്രീ“ ഉപയോഗിക്കുന്നതിന്റെ താല്പര്യമറിയാത്തതിനാൽ പിന്നിൽ വെക്കുന്നു വേണമെങ്കിൽ മുന്നിലേക്ക് നീക്കിയിടാൻ Copy+Paste മാത്രം മതി) രാഷ്ട്രീയം ചർച്ചചെയ്തത്. തൊഴിലിൽ നിന്ന് വിരമിച്ച ഒരു സർക്കാർ ജീവനക്കാ‍രന്റെ വലതു പക്ഷ നിലപാടുകളായി കാ‍ണാൻ അയാളിൽ ശശി തരൂരിനോടുള്ള ആരാ‍ധന മാത്രമാണുണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരും ഇടതുപക്ഷ സഹയാത്രികരുമായ രണ്ട് മക്കളുടെ( ഇഷാൻ,കനിഷ്ക്ക) തന്തയുമായ ( ആവശ്യമെങ്കിൽ “അച്ഛൻ“ എന്നു ആവാം)കക്ഷിയാണ് കോൺഗ്രസ്സിന്റെ വിദേശകാര്യ സഹമന്ത്രിയായി പ്രവർത്തിക്കുന്നതെങ്കിലും , മക്കളെ വളർത്തുന്നതിൽ ആ തരൂർകാരന്റെ രാഷ്ട്രീയത്തെ കാരണവർ അഭിനന്ദിച്ചു. കൂടെ ഒരു ചെവിയിൽ മാത്രം കടുക്കനിട്ടു നടക്കുന്ന മന്ത്രിപുത്രന്റെ തന്തയെ(ഇവിടെ “അച്ഛൻ“ എന്ന ആവശ്യമില്ലെന്നു ഞങ്ങളെല്ലാവരും ഒരു പോലെ സമ്മതിച്ചു) പച്ചക്ക് തെറിവിളിച്ചു.എന്നിട്ട് സഖാവ്. ഇ.എം.എസ്സും, സഖാവ് അനിയനും (ശ്രീധരനും) തമ്മിലുള്ള പിതൃപുത്ര ബന്ധത്തെ കുറിച്ച് ദീർഘമായി വിശദ്ദീകരിച്ചു. ഒരു യഥാർഥ കമ്മ്യൂണിസ്റ്റുകാരന്റെ പിതൃത്വം തന്നെയാണ് സഖാവ്. ഇ.എം.എസ്സ് മകനു നൽകിയതെന്നും അതിന്റെ ഗുണങ്ങളെല്ലാം അനിയനുണ്ടായിരുന്നെന്നും മനസ്സലിഞ്ഞു തന്നെ കാരണവർ വിശദീകരിച്ചപ്പോൾ ക.ക.ലേഖകൻ വികാരഭരിതനായെന്നു പറഞ്ഞു

കൊടുതൂവയും, ഇളനീരും
കൊടുതൂവ ചുമക്ക് നല്ലതെങ്കിൽ , ഇളനീര് ദാ‍ഹത്തിനുമാത്രമല്ലെന്നു കാരണവർ, എന്തെന്ന് പുലാവും,കവി(മൌനി)യും (വിഷയം ക.ക.ലേഖകന്റെതായതിനാൽ തുടർന്നുള്ള വിശദ്ദീകരണം കട്ടെഴുതുന്ന ചിന്തകളിൽ കുറിക്കാൻ ക.ക.ലേഖകനെ ഏല്പിച്ചു.)

2009, നവംബർ 19, വ്യാഴാഴ്‌ച

കവിതയും വയറുകള്‍ കൊണ്ടൊരു കിളിക്കൂടും

കാരണവര്‍ക്ക് പനി, തങ്ങള്‍ക്ക് പ്രതിരോധിച്ചു  വളരാനുള്ള ആന്റി വൈറസ്സ് മരുന്നുകല്‍ കിട്ടില്ലെന്ന വൈറസ്സുകളുടെ ഉറപ്പുവരെയേ പനിക്കൂവെന്ന് ചോസ്കിയെ ലാപ് ടോപ്പിലില്‍ ഹെഡ് ഫോണില്‍ കേള്‍ക്കുന്ന കാരണവര്‍. പിന്നീട്  കാരണവര്‍ പറഞ്ഞത്, ചോസ്കി പറയുന്ന വഴു വഴുപ്പന്‍ ഭാഷയെ കുറിച്ചാണ്, എന്നാല്‍ ഞാന്‍ പറഞ്ഞത് അത്തരത്തില്‍ അയാള്‍ പറയുന്ന ആ‍ശയങ്ങളെയാണ്.അതിന്റെ വെളിച്ചത്തിലാണ് “കവിത തൂറുന്നതെന്ന “മഞ്ഞ പുസ്തകത്തിലെ പ്രയോഗത്തെക്കുറിച്ച് കാരണവര്‍ വിശദീകരിച്ചത് എന്നാല്‍  അങ്ങനെയായിരുന്നില്ല.എങ്ങനെയെന്നെഴുതാന്‍ കാരണവര്‍ക്കേ കഴിയൂ, അതിനു കാരണവരെ കൊണ്ട് ഒരു കുറിപ്പെഴുതി വാങ്ങണം.“ തിന്നു സ്വാശീകരിച്ചെടുക്കുന്ന ഒരു തുടര്‍ച്ചയുടെ ഭാഗമായ വിസര്‍ജ്ജ്യം മാത്രമാണ് കവിത“  എനിക്ക് മനസ്സിലായത് ഇത്രമാത്രം. പലദേശത്തിലുള്ളവരുടെ വിസര്‍ജ്ജ്യസ്വഭാവങ്ങളെക്കുറിച്ചും വിസര്‍ജ്ജ്യത്തിന്റെ രാഷ്ട്രീയത്തെ പറ്റിയും ഞങ്ങള്‍ സംസ്സാരിച്ചു. പഴകഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിരുന്ന തന്റെ വിസര്‍ജ്ജ്യമല്ല, ഒരു ബ്രെഡും അതിനകത്ത് കലോറി മുഴുവന്‍ അടുക്കിവെച്ച ലെയറും ഭക്ഷിക്കുന്ന ഇംഗ്ലീഷുകാരന്റെ വിസര്‍ജ്ജ്യമെന്നും സമര്‍ത്ഥിച്ചു. അതു കൊണ്ടാണ് കവി അയ്യപ്പനെഴുതുന്ന(തൂറുന്ന)(ശ്രീ എന്നൊക്കെ പറഞ്ഞാല്‍ അയ്യപ്പന്‍ തെറി വിളിക്കും) പോലെ അനുകരിക്കുന്നവര്‍ക്ക് പോലുമാവാത്തതെന്നും കാരണവര്‍ അടിവരയിട്ടു.
ഇലക്ട്രിക്ക് വയറും കമ്പികളും കൊണ്ട്  കിളിക്കൂടുണ്ടാക്കി അതില്‍ മുട്ടയിട്ട് അടയിരിക്കുന്ന കിളിയുടെ ചിത്രം കണ്ടത്  മോഹന്റെ ബ്ലോഗിലായിരുന്നു(ശ്രീ ഉപയോഗിച്ചാല്‍ പ്രതികരണം എന്താണെന്നറിയില്ല).പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അതില്‍ നിന്ന് എന്തെങ്കിലും കിട്ടട്ടെയെന്ന് തന്താങ്ങളുടെ വിശ്വാസങ്ങളോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.


2009, നവംബർ 18, ബുധനാഴ്‌ച

കട്ടെഴുതിയ അനുബന്ധങ്ങള്‍

കട്ടെഴുതിയ അനുബന്ധങ്ങള്‍ക്കായുള്ള ശ്രമം